ഭോപ്പാൽ: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയെ ‘വിഡ്ഡികളുടെ നേതാവ്’ എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. മധ്യപ്രദേശിലെ ബേതുലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുലിനെതിരെ പ്രധാനമന്ത്രി പരിഹാസം ഉന്നയിച്ചത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യക്കാരുടെ കയ്യിൽ ചൈനയിൽ നിർമിച്ച മൊബൈൽ ഫോണുകളാണ് ഉള്ളതെന്നാണ് കോൺഗ്രസിലെ മഹാനായ ഒരു നേതാവ് പറഞ്ഞതെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിഡ്ഡികളുടെ നേതാവേ, താങ്കൾ ഏതുലോകത്താണ് ജീവിക്കുന്നത്. മൊബൈൽഫോൺ നിർമാണത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
20,000 കോടി രൂപയിൽ താഴെയായിരുന്നു കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഇന്ത്യയിൽ ഫോണുകളുടെ നിർമാണം. ഇന്നിത് 3.5 ലക്ഷം കോടിയിലെത്തി. ഒരു ലക്ഷം കോടി രൂപയുടെ ഫോണുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. സ്വന്തം നാട്ടുകാരുടെ നേട്ടങ്ങൾ കാണാതെ പോകുന്ന മനോരോഗമാണ് കോൺഗ്രസുകാർക്കെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കോൺഗ്രസുകാർക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

