പാകിസ്ഥാന് കഴിഞ്ഞ 20 വർഷത്തിനിടെ ചൈന നൽകിയത് കണക്കുകൂട്ടിയിരുന്നതിനേക്കാൾ കൂടുതൽ വായ്പ; കണക്കുകൾ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്ഥാന് കഴിഞ്ഞ 20 വർഷത്തിനിടെ ചൈന നൽകിയത് കണക്കുകൂട്ടിയിരുന്നതിനേക്കാൾ കൂടുതൽ വായ്പയെന്ന് കണക്കുകൾ. 67.2 ബില്യൺ ഡോളറാണ് ചൈന 2000 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ പാക്കിസ്ഥാന് നൽകിയ കടം.

46 ബില്യൺ ഡോളറെന്നായിരുന്നു ലോകബാങ്കിന്റെ അന്താരാഷ്ട്ര കടബാധ്യതാ സ്ഥിതി വിവരക്കണക്കിൽ രേഖപ്പെടുത്തിയത്. എന്നാൽ, ഇതിനേക്കാൾ 21 ബില്യൺ ഡോളർ കൂടുതൽ വായ്പ ചൈന പാകിസ്ഥാന് നൽകിയതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. യുഎസിലെ വില്യം ആൻഡ് മേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ സ്ഥാപനമായ എയിഡ് ഡേറ്റയാണ് പുതിയ കണക്കുകൾ തയാറാക്കിയത്.

ചൈനയ്ക്ക് താൽപര്യമുണ്ടായിരുന്നത് റോഡ് നിർമാണ രംഗത്ത് വായ്പ നൽകാനായിരുന്നു എങ്കിലും ഊർജരംഗത്ത് കൂടി വായ്പ ലഭ്യമാക്കണമെന്ന് പാകിസ്ഥാൻ ചൈനയെ നിർബന്ധിച്ചിരുന്നു.

ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ. റഷ്യയും വെനസ്വേലയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. രാഷ്ട്രീയ പ്രതിസന്ധിയും കനത്ത പണപ്പെരുപ്പവും നേരിടുന്ന അവസ്ഥയിലാണ് നിലവിൽ പാകിസ്ഥാൻ, കടബാധ്യത ഒഴിവാക്കാൻ ഈ വർഷം അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് 3 ബില്യൺ ഡോളർ സഹായം പാകിസ്ഥാൻ തേടിയിരുന്നു.

പാകിസ്ഥാന് ചൈന നൽകിയ വായ്പയിൽ 28.4 ബില്യൺ ഡോളർ ഊർജ്ജ മേഖലയിലാണ്. 67.2 ബില്യൺ ഡോളറിന്റെ മൊത്തം ധനസഹായത്തിൽ 2013 മുതൽ 2017 വരെ അധികാരത്തിലിരുന്ന നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎൽ-എൻ സർക്കാരാണ് 36 ബില്യൺ ഡോളറും കടമെടുത്തത്.