സല്മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 റിലീസായതിനെ തുടർന്ന് ആരാധകർ ആവേശഭരിതരായി തീയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചു. മനീഷ് ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. കത്രീന കൈഫാണ് നായിക വേഷം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാൽ അതിരുകടന്ന സൽമാൻ ആരാധകരുടെ ആഘോഷമാണ് ഇപ്പോൾ വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിലെ മോഹൻ സിനിമാസ് എന്ന തീയറ്ററിനുള്ളിലാണ് സല്മാന് ആരാധകർ പടക്കം പൊട്ടിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ എക്സിൽ വൈറലാകുകയാണ്. ഒരു കൂട്ടം ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തീയറ്റിലെ മറ്റു കാഴ്ചക്കാര്‍ പല സ്ഥലങ്ങളിലേക്കായി ഓടുന്നതും കാണാം. അതേ സമയം വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 ഈ വര്‍ഷം ബോളിവുഡ് പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ്. ചിത്രം ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 44.50 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന് ഇന്ത്യയില്‍ 41.32 ശതമാനം ഒക്യൂപെന്‍സിയാണ് റിലീസ് ദിനത്തില്‍ ഉണ്ടായിരുന്നത്.

