കോഴിക്കോട്: സിപിഎമ്മിലേക്കില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതച്ച് കിടക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പിതാവ് ആര്യാടൻ മുഹമ്മദ് ആശുപത്രിക്കിടക്കയിൽ വെച്ച് തന്നോടൊരു ആവശ്യം ഉന്നയിച്ചിരുന്നു. മൃതശരീരത്തിൽ കോൺഗ്രസിന്റെ പതാക പുതപ്പിക്കാൻ മറക്കരുതെന്ന്. അതൊരു ഒസ്യത്തായി, എന്റെ പിതാവിന്റെ അവസാന വാക്കായി ഏറ്റെടുത്തയാളാണ് താനെന്നും അദ്ദേഹം അറിയിച്ചു.
തന്റെ ജീവിതത്തിലും അത് പകർത്തണം എന്ന് ആഗ്രഹിക്കുന്നയാളാണ് താൻ. കോഴിക്കോട് ശനിയാഴ്ച നടന്ന സിപിഎം റാലിയിൽ തന്നെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പി മോഹനൻ മാസ്റ്ററും പറഞ്ഞത് അവരവരുടെ വീക്ഷണങ്ങളാണ്. അവർ എന്തുപറയണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവരെന്തു പറയണമെന്ന് തീരുമാനിക്കാൻ തനിക്കാവില്ല. കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ എന്നനിലയിൽ ഇതാണ് അതിനോടുള്ള തന്റെ പ്രതികരണമെന്ന് അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യറാലി നടത്താൻ വൈകിയെന്ന അഭിപ്രായം തനിക്കില്ല. മലപ്പുറത്ത് നടത്തിയ പലസ്തീൻ ഐക്യദാർഢ്യറാലിയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങൾ അച്ചടക്കസമിതിയിൽ വിശദീകരിച്ചിട്ടുണ്ട്. നല്ലരീതിയിൽതന്നെ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഫലസ്തീൻ വിഷയം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കരുതെന്നാണ് തന്റെ നിലപാട്. പലസ്തീനെ പിന്തുണച്ചുകൊണ്ട് എത്ര റാലികൾ നടത്താൻ കഴിയുമോ അത്രയും റാലികൾ നടത്തണം. പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടിക്കകത്ത് പറയും. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസ് റാലിക്ക് ശശി തരൂരിനെ വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

