തിരുവനന്തപുരം: എല്ലാ സമയത്തും ഇല്ലാത്ത ആരോപണങ്ങൾ പറയുകയാണ് പ്രതിപക്ഷമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽക്കുതന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷനേതാവ്. ഇതെല്ലാം തന്നെ വസ്തുതാവിരുദ്ധമാണെന്ന് പലതവണ തെളിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സർക്കാർ ധൂർത്താണെന്നും ആവശ്യമില്ലാതെ പണം ചിലവഴിക്കുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് നസ്തുതാപരമായ കാര്യങ്ങളാണ് പറയേണ്ടത്. ഒന്നാം പിണറായി സർക്കാർ വന്നതുമുതൽ ഇല്ലാത്ത ആരോപണങ്ങൾ പറയുന്ന ഒരു ശീലം ഉണ്ട്. അതിലൊന്നും വസ്തുതകളില്ലെന്ന് പലതവണ തെളിഞ്ഞതാണ്. കേരളത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നത് വസ്തുതാപരമായി പറഞ്ഞ കാര്യമാണ്. അതിന്റെ കാരണവും മാധ്യമങ്ങളിലുൾപ്പെടെ കൃത്യമായി വന്നതാണ്. കേരളത്തിന് കിട്ടേണ്ട തുക കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ല. കേരളത്തിന് ബോധപൂർവം ലഭ്യമാക്കാതെയിരിക്കുകയാണ് കേന്ദ്രം. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങൾക്കും ഈ അവസ്ഥയുണ്ട്. രാജസ്ഥാനിലും ചത്തീസ്?ഗഡിലും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ ഈ അവസ്ഥയുണ്ട്. ഇതിൽ പ്രതിപക്ഷനേതാവ് അഭിപ്രായം പറയാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എറ്റവും കൂടുതൽ കേന്ദ്രത്തിൽ നിന്ന് വിവേചനം നേരിടുന്നത് കേരളമാണ്. ഇത് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഉണ്ടായിരുന്നപ്പോഴാണ് പ്രസ്താവനയായി പറഞ്ഞത്. ആ പ്രശ്നത്തിൽ അദ്ദേഹം ഒന്നും പറയുന്നില്ല. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നയങ്ങൾക്കെതിരെ നടത്താൻ ഉദ്ദേശിക്കുന്ന പ്രതിഷേധത്തിൽ പോലും പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. കേരളീയം നടത്തിയത് ധൂർത്താണെന്നും ആ തുക കൊണ്ട് പെൻഷൻ വിതരണം ചെയ്യാമായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ പുതിയ ആരോപണം. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിനായി വേണ്ടത്. നാളെ മുതൽ പെൻഷൻ വിതരണെ ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി വെട്ടിപ്പ് നടക്കുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം നികുതി പിരിച്ചെടുത്തത് കഴിഞ്ഞ 2 വർഷം കൊണ്ടാണ്. കോവിഡിന്റെ തകർച്ചയിൽ നിന്നും 24000 കോടി രൂപയാണ് അധികമായി നേടിയത്. നികുകിവെട്ടിപ്പുകാരുടെ പറുദീസയാണ് കേരളമെന്നാണ് അദ്ദേഹം പറയുന്നത്. നികുതി പിരിവിന്റെ കണക്കുകൾ കൃത്യമായി സഭയിൽ കൊടുക്കുന്നവയാണ്. എവിടെ നിന്ന് ലഭിക്കുന്ന കണക്കുകൾ വെച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് അറിയില്ല. ജിഎസ്ടി വഴി സംസ്ഥാനത്തിന് വരുന്ന നഷ്ടങ്ങളെപ്പറ്റിയും സർക്കാർ പറഞ്ഞുകഴിഞ്ഞു. എന്നാൽ ഇതേപ്പറ്റിയൊന്നും പറയാതെ കാടടച്ച് അധിക്ഷേപിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് പ്രതിപക്ഷ നേതാവ്. ഈ ബുദ്ധിമുട്ടുകൾക്കിടയിലും എല്ലാ തരത്തിലുള്ള ക്ഷേമപെൻഷനുകളുൾപ്പെടെ നൽകിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ജനങ്ങൾ ഇത് മനസിലാക്കുന്നുണ്ട് എന്നുള്ളതാണ് സത്യമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

