ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്റെ വികസന പദ്ധതി; പ്രഖ്യാപനവുമായി സൗദി

റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ 100 കോടി ഡോളറിന്റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ആഫ്രിക്കയിൽ സൽമാൻ രാജാവിന്റെ നാമധേയത്തിൽ അടുത്ത 10 വർഷം കൊണ്ട് വമ്പൻ വികസന പദ്ധതികൾ പൂർത്തിയാക്കും. വിവിധ തലങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ബന്ധം വളർത്തിയെടുക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു. മേഖലയിലും ലോകമെമ്പാടും സുരക്ഷിതത്വവും സമാധാനവും സ്ഥാപിക്കുന്നതിന് സംഭാവന നൽകാനാണ് ഈ പ്രതിബദ്ധത ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

25 ശതകോടി ഡോളറിലധികം ആഫ്രിക്കയിൽ വിവിധ മേഖലകളിലായി നിക്ഷേപം നടത്താനും സൗദി അറേബ്യ പദ്ധതിയിടുന്നു. അവിടെ നിന്നുള്ള കയറ്റുമതിക്കായി 10 ശതകോടി ഡോളറിന്റെ ധനസഹായവും ഇൻഷുറൻസും സൗദി നൽകും. 2030 വരെ ആഫ്രിക്കക്ക് അഞ്ച് ശതകോടി ഡോളർ അധിക വികസന ധനസഹായം നൽകുകയും ചെയ്യുമെന്നും കിരീടാവകാശി വ്യക്തമാക്കി.