വീണ്ടും വിമാന യാത്ര നടത്തി ഇ പി ജയരാജൻ; യാത്ര കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ

കണ്ണൂർ: ഏറെ നാളുകൾക്ക് ശേഷം വീണ്ടും വിമാന യാത്ര നടത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോ എയർലൈനുമായുള്ള പിണക്കം മൂലം കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ വിമാനയാത്രതന്നെ അദ്ദേഹം ഏറെ നാളുകളായി ഒഴിവാക്കിയിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇ പി ജയരാജൻ വിമാനയാത്ര നടത്തിയത്.

ശനിയാഴ്ച രാവിലെ 9.17നാണ് ഇ പി ജയരാജൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. വിന്റർ ഷെഡ്യൂളിൽ കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിച്ച് മൂന്നാം ദിവസമാണ് ഇ പി ജയരാജൻ വിമാനയാത്ര നടത്തിയത്.

നവംബർ 8ന് ആണ് കണ്ണൂർ-തിരുവനന്തപുരം സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ആദ്യ സർവീസ് നടത്തിയത്. 2022 ജൂണിൽ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ കയ്യാങ്കളിക്കു ശേഷമാണ് ഇൻഡിഗോ കമ്പനി ഇ പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.