ന്യൂഡൽഹി: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20 ന് ആരംഭിക്കുകയാണ്. നവംബർ 28 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
ബ്രിട്ടീഷ് സംവിധായകൻ സ്റ്റുവേർട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാചിങ് ഡസ്റ്റാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. നൂറി ബിൽജ് സെലാൻ സംവിധാനം ചെയ്ത എബൗട്ട് ഡ്രൈ ഗ്രാസസ് മിഡ്ഫെസ്റ്റ് ചിത്രമാകും.
സമാപന ചിത്രം അമേരിക്കൻ സംവിധായകൻ റോബർട്ട് കൊളോഡ്നിയുടെ ബയോപിക് ആയ ദി ഫെതർവെയ്റ്റാണ്. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. ഐഎൻഒഎക്സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎൻഒഎക്സ് പോർവോറിം, Z സ്വകയർ സാമ്രാട്ട് അശോക് എന്നിവയാണ് 270 മികച്ച ചിത്രങ്ങളുടെ വേദികൾ.
ഗോവയിലെ പ്രശസ്തമായ കലാ അക്കാദമി ഇത്തവണ ഐഎഫ്എഫ്ഐയുടെ ഭാഗമാകുന്നുണ്ട്. എന്നാൽ, അക്കാദമിയിൽ ചലച്ചിത്രങ്ങളൊന്നും ഇത്തവണ പ്രദർശിപ്പിക്കുന്നില്ല. കലാ അക്കാദമി ഗൗരവമുള്ള ചലച്ചിത്ര ചർച്ചകൾക്കും മാസ്റ്റർ ക്ലാസുകൾക്കുമാണ് ഇത്തവണ വേദിയാകുക.
രോഹിത് എം ജി കൃഷ്ണന്റെ ഇരട്ട, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്, ഗണേഷ് രാജിന്റെ പൂക്കാലം, ജൂഡ് ആന്റണിയുടെ 2018, മുതലായ മലയാള ചിത്രങ്ങൾ ഫീച്ചർ സിനിമയുടെ പട്ടികയിൽ ഇടംനേടി.
അതേസമയം, വിഖ്യാത ഹോളിവുഡ് താരവും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിന് ഐഎഫ്എഫ്ഐ വേദിയിൽ വെച്ച് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. ലോകസിനിമയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നൽകുക.

