തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ. കുഴപ്പങ്ങൾ ഉണ്ടാക്കിയത് എൽ ഡി എഫിലെ ഒരു ഉയർന്ന നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നും ഭാസുരാംഗൻ ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് തന്നെ ഇ ഡി കസ്റ്റഡിയിലെടുത്തിട്ടില്ല. ചോദ്യം ചെയ്യൽ മാത്രമാണ് നടന്നത്. ഇ ഡി ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഇ ഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.

