തൃശൂർ: അത്യാധുനിക സംവിധാനങ്ങളിലൂടെ സുരക്ഷ ഉറപ്പുവരുത്തിയ വിയ്യൂർ അതിസുരക്ഷാ ജയിലിലെ സെല്ലിലും തടവുപുള്ളികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. ഫോൺ ഉപയോഗിച്ചവരെന്നു കണ്ടെത്തിയ കൊല്ലം സ്വദേശി രഞ്ജിത്ത് ഉണ്ണി (കാട്ടുണ്ണി രഞ്ജിത്ത് 35), പത്തനാപുരം സ്വദേശി ടിറ്റു ജെറോം (30) എന്നിവരെ അതിസുരക്ഷാ ജയിലിൽ നിന്നു തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയിട്ടുണ്ട്.
ജയിൽ കലാപത്തിനു പിന്നാലെ തടവുകാരുടെ സെല്ലുകളിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. തീവ്രവാദ, രാജ്യദ്രോഹക്കേസുകളിലെ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന അതിസുരക്ഷാ ജയിലാണ് വിയ്യൂർ അതിസുരക്ഷാ ജയിൽ. സംസ്ഥാനത്തെ മറ്റേതു ജയിലിലുമുള്ളതിനേക്കാൾ കനത്ത സുരക്ഷാ സംവിധാനമാണ് ഇവിടെയുള്ളത്.
ബോഡി സ്കാനർ ഉപയോഗിച്ചു പരിശോധന നടത്തിയ ശേഷമേ ജീവനക്കാരെയും തടവുകാരെയും സന്ദർശകരെയും ഉള്ളിൽ കയറ്റൂ. എന്നിട്ടും പ്രതികളുടെ സെല്ലിനുള്ളിലെങ്ങനെ മൊബൈൽ ഫോൺ എത്തിയെന്ന കാര്യം സംശയകരമാണ്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

