ജീവപര്യന്തം തടവ് അനുഭവിക്കുന്ന രണ്ടുപേർക്ക് ഓൺലൈനായി എൽഎൽബി പഠനത്തിന് അനുമതി; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേർക്ക് ഓൺലൈനായി എൽഎൽബി പഠനത്തിന് അനുമതി നൽകി ഹൈക്കോടതി. കൊലക്കേസിലുൾപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്നവർക്കാണ് കോടതി എൽഎൽബി പഠനത്തിന് അനുമതി നൽകിയത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ജയിലിലാണെങ്കിലും അഭിമാനത്തോടെ ജീവിക്കാൻ അവർക്കും അവകാശമുണ്ടെന്നും പഠിക്കാനുള്ള അവകാശം അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. തടവുശിക്ഷ കൊണ്ടു പ്രതികളിൽ ഉദ്ദേശിക്കുന്ന പരിവർത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നൽ തടവുകാരിൽ ഉണ്ടാക്കാൻ വിദ്യാഭ്യാസത്തിന് കഴിയും. തടവിലെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇതു വഴിയൊരുക്കും. ശിക്ഷ പൂർത്തിയായി പുറത്തിറങ്ങുമ്പോൾ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാൻ വിദ്യാഭ്യാസം അവരെ സഹായിക്കുമെന്നും കോടതി പറഞ്ഞു.

പഠനത്തിനായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിലെ സുരേഷ്ബാബു, കണ്ണൂർ സെൻട്രൽ ജയിലിലെ വി വിനോയ് എന്നിവരാണ് കോടതിയെ സമീപിച്ചത്. 2023-24 അധ്യയനവർഷത്തെ എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ ഇരുവരും വിജയിച്ചിരുന്നു. മൂന്നുവർഷത്തെ കോഴ്‌സിന് സുരേഷ് ബാബുവിന് മലപ്പുറം കെ.എം.സി.ടി. ലോ കോളേജിലും വിനോയിക്ക് അഞ്ചുവർഷത്തെ കോഴ്സിന് പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. ഫീസടയ്ക്കാനും ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാനും കോടതി ഇവരുടെ ബന്ധുക്കൾ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പ്രവേശനനടപടികൾ പൂർത്തിയായി.

അതേസമയം, ഓൺലൈനായി പഠിക്കണമെന്ന ആവശ്യത്തെ പ്രവേശനം നേടിയ കോളേജുകൾ ഉൾപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും എംജി യൂണിവേഴ്സിറ്റിയുടെയും അഭിഭാഷകർ എതിർത്തു. ഓൺലൈൻ എൽഎൽബി കോഴ്‌സുകൾക്ക് നിരോധനമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുണ്ടെങ്കിൽ ഓൺലൈനായി പ്രവേശനം നൽകാൻ തയ്യാറാണെന്ന നിലപാടാണ് ഇരു കോളേജുകളുടെയും പ്രിൻസിപ്പൽമാർ സ്വീകരിച്ചത്.ഓൺലൈൻ ക്ലാസ് യു.ജി.സി. അനുവദിക്കുന്നില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഒരു വിദ്യാർഥിക്ക് ഓൺലൈനിൽ പ്രവേശനം നൽകുന്നത് ഈ നിയമത്തിന്റെ ലംഘനമാകില്ല. ഹർജിക്കാർ ജയിലിലായതിനാൽ അവർക്ക് കോളേജിലെത്തി ക്ലാസിലിരിക്കാനാകില്ല. അതിനാൽ അവർ ഓൺലൈനിൽ ക്ലാസിലിരിക്കുന്നത് കോളേജിലെത്തി ക്ലാസിലിരിക്കുന്നതിന് തുല്യമായി കണക്കാക്കാവുന്നതാണ്. പ്രാക്ടിക്കൽ പരിശീലനത്തിനും പരീക്ഷയെഴുതുന്നതിനും ഹർജിക്കാർക്ക് നേരിട്ട് കോളേജിൽ പോകുന്നതിന് അനുമതി നൽകണമെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു.