അബുദാബി: ഗാസയിൽ ഫീൽഡ് ഹോസ്പിറ്റൽ ആരംഭിക്കാൻ യുഎഇ. ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീൻ സ്വദേശികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ വേണ്ടിയാണ് യുഎഇയുടെ നടപടി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. 150 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കാനാണ് തീരുമാനം.
യുഎഇയുടെ കാരുണ്യ പദ്ധതിയായ ഗാലന്റ് നൈറ്റ്-3ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങൾ ഉണ്ടായിരിക്കും.
ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവയ്ക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകും. സിറ്റി ഇമേജിങ്, ലബോറട്ടറി, ഫാർമസി, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിൽ ലഭ്യമാക്കും. യുഎഇയിൽ നിന്നും അഞ്ച് വിമാനങ്ങളിൽ ആശുപത്രി സ്ഥാപിക്കാൻ ആവശ്യമായ സാമഗ്രികൾ ഗാസയിൽ എത്തിച്ചിട്ടുണ്ട്.

