താരനിരയിലുള്ളവരെ പറ്റി കഥകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ പേജുകൾ ഇന്ന് സജീവമാണ്. വൈറലാകാനായി തെറ്റായ അടികുറിപ്പുകളും തെറ്റിദ്ധാരണകളും പരത്തുന്നവരാണ് മിക്ക പേജുകളും. ഇതിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മമ്ത മോഹൻദാസ്. തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തക്ക് എതിരായാണ് മമ്ത പ്രതികരിക്കുന്നത്. ‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’ എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത പ്രചരിച്ചിരുന്നത്.
ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു പ്രചരണം. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ താരം തന്നെ ഓൺലൈൻ പേജിനു താഴെ കമന്റുമായി എത്തുകയായിരുന്നു. ‘ശരി. ഇനി പറയൂ നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.’ എന്നായിരുന്നു മംമ്‌തയുടെ മറുപടി. തുടർന്ന് താരത്തിന്റെ കംമെന്റിനെ പിന്തുണച് ഒരുപാട് പേർ എത്തിയതോടെ അക്കൗണ്ട് താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.

