മലപ്പുറം: കടംകയറി ഗതികെട്ട അവസ്ഥയിൽ കുടുംബശ്രീ ഹോട്ടലുകളുടെ നടത്തിപ്പുകാർ. കുടുംബശ്രീ ഹോട്ടലുകാർക്ക് സബ്സിഡി കുടിശികകൾ കിട്ടാത്ത അവസ്ഥ ഉണ്ടായതോടെയാണ് ഇവരുടെ പ്രതിസന്ധി രൂക്ഷമായത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിന് തയ്യാറെടുക്കുകയാണ് ഇവർ.
മലപ്പുറത്തെ കുടുംബശ്രീ സംഘങ്ങളാണ് സമരത്തിന് തയ്യാറെടുക്കുന്നത്. ഹോട്ടൽ നടത്തിപ്പിന് സാധനം വാങ്ങിയ വകയിൽ ലക്ഷക്കണക്കിന് രൂപ ബാധ്യത വന്നതോടെ സംരംഭകരായ വനിതകൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്താൻ മലപ്പുറത്ത് നിന്ന് പുറപ്പെടാനാണ് ഇവരുടെ തീരുമാനം. ഈ സംരംഭകരിൽ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാനത്തെ ഏറ്റവും അധികം കുടിശ്ശിക ലഭിക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. സബ്സിഡി പദ്ധതിയിൽ പ്രവർത്തിക്കുന്നത് 144 ഹോട്ടലുകളാണ്. ഇവയിൽ നാലെണ്ണം പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടി.
സർക്കാരിൽ നിന്നും കിട്ടാനുള്ള കുടിശ്ശിക കിട്ടാതെ പോകുമെന്ന് ഭയന്നാണ് പലരും ഇപ്പോഴും ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ പ്രതിസന്ധിയിലാണ് പല സംരംഭകരും. ഹോട്ടലിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിയ വകയിൽ പലർക്കും പലചരക്ക് കടയിൽ വലിയ ബാധ്യതയുണ്ട്. ഇത് തീർക്കാനായി സ്വർണ്ണം പണയം വെച്ച് വായ്പ വാങ്ങി കിടക്കെണിയിൽ ആയവരും ഉണ്ട്.
സർക്കാർ സബ്സിഡി പിൻവലിച്ചതോടെ ഊണിന് വില കൂട്ടേണ്ട അവസ്ഥയുണ്ടായതോടെ പലർക്കും കച്ചവടവും കുറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിന് പുറമേ മാനസിക സംഘർഷങ്ങളിൽ കൂടിയാണ് ഈ സംരംഭകർ കടന്നു പോകുന്നത്.

