കൊച്ചി: പലസ്തീൻ വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗിന്റെ നിലപാടിനോട് പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. യുഡിഎഫിനൊപ്പം എത്ര വർഷത്തെ പാരമ്പര്യമുള്ളതാണ് മുസ്ലീം ലീഗിന്, അവര് തങ്ങളെവിട്ടു പോകുമോയെന്ന് അദ്ദേഹം പറഞ്ഞു. തലയ്ക്ക് സുഖമില്ലാത്തതു കൊണ്ടാണ് സിപിഎം മുസ്ലിം ലീഗിനെ പരിപാടിയിലേക്ക് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇത്രയും കിരാതമായി ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ചേരാൻ മുസ്ലീം ലീഗ് തയ്യാറാകുമോ. ഇല്ലെന്ന് തങ്ങൾക്ക് അറിയാം. മുസ്ലീം ലീഗിന്റെ ആത്മർഥതയെ തങ്ങൾ ബഹുമാനിക്കുന്നവരാണ്. അതിനെ ആദരിക്കുന്നവരും ഉൾക്കൊള്ളുന്നവരുമാണെന്നും യുഡിഎഫ് ഉള്ളകാലം വരെ അത് നിലനിൽക്കുമെന്നും സുധാകരൻ അറിയിച്ചു.
സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം മുസ്ലിംലീഗ് നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.

