ന്യൂഡൽഹി: സിനിമാവ്യവസായത്തെ രക്ഷിക്കാൻ കർശനനടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പരാതി ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നാണ് വാർത്താവിതരണമന്ത്രാലയം സെക്രട്ടറി അറിയിച്ചിട്ടുള്ളത്. പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരമാണ് നടപടി സ്വീകരിക്കുകയെന്ന് വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ്വ ചന്ദ്ര അറിയിച്ചു.
നിയമലംഘനങ്ങൾക്ക് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നുലക്ഷം വരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉത്പാദനച്ചെലവിന്റെ അഞ്ചു ശതമാനം വരെയോ പിഴയും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

