കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ പതിയുന്ന ചില ചിത്രങ്ങളുണ്ട്. അത്തരം ചിത്രങ്ങളിൽ മുൻ നിരയിൽ നിക്കുന്ന ഒന്ന് തന്നെയാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനത്തിൽ, 1993 ൽ പുറത്തിറങ്ങി. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാലും സുരേഷ് ഗോപിയും നിറഞ്ഞാടിയപ്പോൾ നാഗവല്ലിയായി അസാധ്യ പ്രകടനം കാഴ്ചവച്ച് ശോഭനയും ഒപ്പം കൂടി. ഇതര ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടെങ്കിലും മലയാളത്തിനോളം ആ സിനിമകൾക്ക് വലുതാകാൻ പറ്റിയില്ല എന്നതാണ് വാസ്തവം.
കേരളീയം 2023നോട് അനുബന്ധിച്ചു, കാലങ്ങൾക്ക് ശേഷം നകുലനും ഗംഗയും തീയറ്റുറുകളിൽ എത്തിയപ്പോൾ ഇരു കയ്യും നീട്ടി സ്വീകരിച്ചത് വൻ പ്രേക്ഷകരാണ്. ഇന്നത്തെ യുവതലമുറയ്ക്ക് തിയറ്റർ എക്സ്പീരിയൻസ് മിസ്സായ ചിത്രം വീണ്ടും കണ്ടതിലെ ആകാംക്ഷ സോഷ്യൽ മീഡിയയിൽ അലതല്ലുകയാണ്. ഇന്നലെ 7. 30 മണിക്കായിരുന്നു ഷോ. എന്നാൽ 3.30മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മോഹന്‍ലാലിന്റെ ഇന്‍ട്രോയില്‍ ആര്‍പ്പ് വിളികളുമായാണ് ആരാധകര്‍ എത്തിയത്.
443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂർ നേരത്തെ പ്രദർശനം തുടങ്ങി. നിരവധി പേർ നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേ സമയം പുറത്തും ആയിരത്തിലധികം പേർ കാത്തുനിന്നു. തിരക്ക് മൂലം മൂന്ന് അധിക പ്രദർശനങ്ങൾ കൂടി നടത്താനുള്ള തീരുമാനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിർദ്ദേശ പ്രകാരം ചലച്ചിത്ര അക്കാദമി സ്വീകരിച്ചു. ഇതനുസരിച് 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടർന്ന് കൈരളിയിലുമായി ഷോ നടന്നു.

