ന്യൂഡൽഹി: വനിതാ സംവരണം ഉടനടി നടപ്പാക്കാൻ ഉത്തരവിടാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഇക്കാര്യത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. കോൺഗ്രസ് നേതാവ് ഡോ ജയതാക്കൂറാണ് 2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വനിതാസംവരണം നടപ്പാക്കാൻ വേണ്ട ഇടപെടൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മണ്ഡല പുനഃനിർണയം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വനിതാസംവരണം പ്രാബല്യത്തിൽ വരുകയുള്ളുവെന്ന വ്യവസ്ഥ റദ്ദാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവഖന്ന, എസ്വിഎൻ ഭാട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.
സ്ത്രീകൾക്ക് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബിൽ. ലോക്‌സഭയിലും രാജ്യസഭയിലും ബില്ല് പാസായിരുന്നു. 2026 ന് ശേഷമേ ബില്ല് നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അറിയിച്ചത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂ. സെൻസെസ്, മണ്ഡല പുനർ നിർണയ നടപടികൾ പൂർത്തിയായ ശേഷമേ നിയമം നടപ്പാക്കാനാകൂവെന്നും മന്ത്രി പറഞ്ഞിരുന്നു.

