പങ്കാളിത്ത പെൻഷൻ; മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഒന്നാം പിണറായി വിജയൻ സർക്കാർ രൂപീകരിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. ഇക്കാര്യത്തിൽ കോടതി വിശദീകരണം ആവശ്യപ്പെട്ടു. നവംബർ 10 -ന് ചീഫ് സെക്രട്ടറി ഡോ വി വേണു വിഷയത്തിൽ നേരിട്ട് വിശദീകരണം നൽകണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

സർക്കാർ സുപ്രീം കോടതി നടപടികളെ ലാഘവത്തോടെ എടുക്കരുതെന്നും കോടതി വ്യക്തമാക്കി. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജോയന്റ് കൗസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പൊതുഖജനാവിലെ പണം ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പൊതുരേഖയാണെന്നായിരുന്നു ജോയന്റ് കൗൺസിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ ചൂണ്ടിക്കാട്ടിയത്. 2021 ഏപ്രിൽ 30-ന് ലഭിച്ച റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചെന്നായിരുന്നു സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പല്ലവ് സിസോദിയയും സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും കോടതിയിൽ വിശദീകരിച്ചത്. 2021 ഏപ്രിലിൽ ലഭിച്ച റിപ്പോർട്ടിൽ ഇതുവരെ തീരുമാനമെടുക്കാത്ത സർക്കാർ, സുപ്രീം കോടതി നടപടികളെ മറികടക്കാനല്ലേ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.

അടുത്ത വെള്ളിയാഴ്ചയ്ക്കകം ഹർജിക്കാർക്ക് പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പ് കൈമാറിയാൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല. ഹർജിക്കാർക്ക് പകർപ്പ് ലഭിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രിസഭാ രേഖകളുടെ പരിധിയിൽ വരുന്നതെന്ന് പറഞ്ഞ് റിപ്പോർട്ട് അനന്തമായി രഹസ്യമാക്കി വെക്കാൻ കഴില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.