കോഴിക്കോട്: കെപിസിസി പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. എന്നാൽ സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും പിഎംഎ സലാം ഇതിന് മറുപടി നൽകി.
സിപിഎം അവരുടെ പലസ്തീൻ റാലിയിലേക്ക് കഴിഞ്ഞ ദിവസം മുസ്ലിം ലീഗിനെ ക്ഷണിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ക്ഷണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് നാളെ പാർട്ടി നേതാക്കന്മാർ കൂടിച്ചേർന്ന് തീരുമാനിക്കും. നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരും. ഇടി ബഹുമാന്യനായ നേതാവാണ്, അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പിഎംഎ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു.

