സിനിമാ റിവ്യൂ ബോംബിങ്; നടപടികൾ കർശനമാക്കാൻ നിർമ്മാതാക്കൾ

കൊച്ചി: സിനിമാ റിവ്യൂ ബോംബിങ്ങിനെതിരെ നടപടികൾ കർശനമാക്കാൻ നിർമ്മാതാക്കൾ. തിയേറ്റർ റിവ്യൂ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കൾ. നിർമാതാക്കളുടെ സംഘടനയുടെ അക്രെഡിറ്റേഷൻ നിർബന്ധമാക്കുമെന്നും സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു.

ബുധനാഴ്ച ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. ഓൺലൈൻ റിവ്യൂ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ട്. സിനിമ ഇറങ്ങിയ ആദ്യദിവസങ്ങളിലെ തിയേറ്റർ റിവ്യൂ അനുവദിക്കില്ലെന്നാണ് യോഗത്തിൽ സ്വീകരിച്ച പ്രധാന തീരുമാനം.

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇങ്ങനെ തിരഞ്ഞെടുക്കുന്നവർക്ക് നിർമാതാക്കളുടെ സംഘടന അക്രെഡിറ്റേഷൻ നൽകുന്നതാണ് ഇവർക്ക് മാത്രമാണ് സിനിമാപ്രചാരണം നടത്താനുള്ള അനുമതി ഉണ്ടായിരിക്കുകയെന്നും സംഘടന വ്യക്തമാക്കി.