കേരളീയം പരിപാടി ഇനി എല്ലാവർഷവും ഉണ്ടാകും; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ഇനി എല്ലാവർഷവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തെ ലോക ബ്രാൻഡ് ആക്കുമെന്നും നമുക്കുമുന്നിൽ വലിയ സാദ്ധ്യതകളാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ നേട്ടങ്ങൾ മുഴുവൻ അർഹിക്കുന്ന വിധത്തിൽ ലോകം അറിഞ്ഞിട്ടില്ല. വിശ്വസംസ്‌കാരത്തിന്റെ മിനിയേച്ചർ മാതൃക ഇവിടെയുണ്ടെന്ന് വിളിച്ചുപറയണം. ലോകത്ത് മറ്റാരുണ്ട് ഇങ്ങനെ? ആർക്കും പിന്നിലല്ല കേരളം. വിദ്വേഷങ്ങളില്ലാത്ത കേരള മാതൃക വംശീയ സംഘർഷങ്ങൾ തടയാനുള്ള ഒറ്റമൂലിയാണ്. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടി. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപ്പെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും അദ്ദേഹം വിശദമാക്കി.

ദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുൾപ്പെടെ വലിയൊരു നിര പങ്കെടുത്തു.

കവടിയാർ മുതൽ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കലാപരിപാടികൾ അരങ്ങേറും. എക്‌സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഉണ്ടാകും.