തിരുവനന്തപുരം: സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിൽ സീറ്റ് ബെൽറ്റും, സ്റ്റേജ് കാരിയേജുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നത് നവംബർ 1 മുതൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനു ഹാജരാക്കുന്നത് മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങൾക്കു മാത്രമേ നവംബർ 1 മുതൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് മന്ത്രി നേരത്തെ ഉത്തരവിട്ടിരുന്നു.
സർക്കാരിന്റെ നിർദേശത്തെ തുടർന്ന് 5200 കെഎസ്ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. ഒക്ടോബർ 31-നുള്ളിൽ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ഉറപ്പാക്കണമെന്നായിരുന്നു സർക്കാർ നൽകിയിരുന്ന നിർദേശം.
ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന നിർദേശം ഉയർന്നത്. ഇതിനെതിരേ പല കോണുകളിൽ നിന്നും പ്രതിഷേധവും ഉയർന്നിരുന്നു.

