ടെൽ അവീവ്: ഗാസയിൽ അക്രമം രൂക്ഷമാകുന്നു. വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഉഗ്ര സ്‌ഫോടനം ഉണ്ടായി. 50 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലാണ് അഭയാർത്ഥി ക്യാമ്പിൽ ബോംബിട്ടതെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്.
ആറു തവണയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് ജബലിയ അഭയാർത്ഥി ക്യാമ്പിന്റെ വലിയൊരു ഭാഗം തകർന്നിട്ടുണ്ട്. അതേസമയം, ഗാസ നഗരത്തിന്റെ ഹൃദയ ഭാഗത്തേക്കെത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ കരയുദ്ധം ശക്തമാക്കി. ഗാസയിൽ വ്യോമാക്രമണത്തിൽ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇസ്രായേലിന് നേരെ ആക്രമണം തുടങ്ങിയതായി യമനിലെ ഹൂതി സായുധസംഘം അറിയിച്ചു.
ഗാസയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 120 കടന്നു. കുഞ്ഞുങ്ങൾ അടക്കം ആയിരങ്ങൾ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്നാണ് യൂനിസെഫും ലോകാരോഗ്യ സംഘടനയും നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

