വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്; കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകൾക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആ ശ്രമങ്ങൾക്ക് ഊർജ്ജം പകരും വിധം നമ്മുടെ നാടിനെ അതിൻറെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിൻറെയാകെ മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതൽ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരിൽ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്‌കാരം കൂടിയാണ് കേരളീയമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനമനസ്സുകളുടെ ഒരുമ ആവർത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താമെന്നും പിണറായി വിജയൻ പറഞ്ഞു. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനർനിർണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ അറുപത്തിയേഴാം വാർഷികത്തിലാണ് എത്തി നിൽക്കുന്നത്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേർതിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിൻറെ അടിസ്ഥാനത്തിൽ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങൾ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദർഭം കൂടിയാണിത്. അവയിൽ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.