വർഗീയത പരത്താനുള്ള ചില ശ്രമങ്ങൾ നടന്നു; ആരും തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വർഗീയത പരത്താനുൾപ്പെടെയുള്ള ചില ശ്രമങ്ങൾ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ നീക്കങ്ങളുടെ ഭാഗമായി ആരും തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൃത്യമായി അന്വേഷണം നടത്തി മുന്നോട്ട് പോയിരുന്ന അവസരത്തിലാണ് കേന്ദ്ര മന്ത്രി അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് വർഗീയപരമായ പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടായത്. വർഗീയ വീക്ഷണത്തോടെ വന്ന നിലപടാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. മുൻകൂട്ടി തീരുമാനിച്ച ചില പ്രത്യേക താൽപര്യങ്ങളുടെ പേരിൽ പ്രത്യേക നിലപാടെടുത്ത് പെരുമാറുന്ന രീതിയാണ് ചിലയിടങ്ങളിൽ നിന്നും കണ്ടത്. കേരളം ഇത്തരം നിലപാടുകളെ എന്നും ആരോഗ്യകരമായാണ് നേരിട്ടിട്ടുള്ളത്. വർഗീയതക്കൊപ്പമല്ല കേരളം നിൽക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.