തിരുവനന്തപുരം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് സിപിഎം പോളിറ്റ് ബ്യുറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും ഇന്ന് ഡൽഹിയിൽ ധർണ്ണ സംഘടിപ്പിക്കും. ഡൽഹി എകെജി ഭവനു മുന്നിലാണ് ധർണ സംഘടിപ്പിക്കുക. ഗാസയിലെ കൂട്ടക്കൊലകൾ ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഎം പലസ്തീൻ ജനതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചുമാണ് ധർണ.
ധർണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. അതേസമയം, ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം സിപിഎം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇസ്രയേൽ സൈന്യം ഗാസക്കെതിരായി കര വഴിയുള്ള കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണ്. ഈ പടനീക്കങ്ങളുടെ ഫലമായി 5000ത്തിലധികം പേർ ഇതിനകം മരിച്ചുകഴിഞ്ഞു. ആശുപത്രികൾ, വിദ്യാലയങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, മനനുഷ്യരുടെ എല്ലാവിധ അഭയ കേന്ദ്രങ്ങളും അതി ശക്തമായ ബോംബിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗാസ പ്രദേശത്തെ ഇടിച്ച് നിരപ്പാക്കി ജനതയെ നാട് കടത്തിയും, കൊലപ്പെടുത്തിയും ഗാസയെ ഇസ്രയേലിനോട് ചേർക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പാലസ്തീനികൾക്ക് അവരുടെ ജന്മനാടിന് മുകളിലുള്ള അവകാശത്തേയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഎം പറഞ്ഞു.
സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ കാലവും പ്രതിഷേധിക്കുന്ന നിലപാടാണ് ഇന്ത്യാ രാജ്യം സ്വീകരിച്ചത്. ഇസ്രയേലുമായി നയതന്ത്ര ബന്ധം പോലും ഇല്ലാത്ത നിലപാടായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. യുഎന്നിൽ പാലസ്തീനുവേണ്ടി ശക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി സാമ്രാജ്യത്വ ഗൂഢാലോചനയ്ക്ക് കൂട്ടുപിടിക്കുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്. അമേരിക്കയുടേയും, ഇസ്രയേലിന്റേയും കൂടെ ചേർന്ന് നിന്നുകൊണ്ട് ഇന്ത്യ മുന്നോട്ടുപോകുകയാണ്. ഈ നിലപാടിനെതിരേയും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് സിപിഎം വ്യക്തമാക്കി.
ഗാസയിലെ ഈ സ്ഥിതിവിശേഷത്തിൽ ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുന്ന തെറ്റായ നടപടികൾക്കെതിരേയും ഡൽഹിയിൽ നാളെ 11.00 മണിക്ക് പാർട്ടി പിബി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുൾപ്പെടെയുള്ളവർ സത്യാഗ്രഹ സമരം നടത്തുകയാണ്. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുപോവാനും കഴിയേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ സംസ്ഥാന വ്യാപകമായി ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാൻ മുഴുവൻ ഘടകങ്ങളും മുന്നോട്ടുവരണം. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതുമായി ഐക്യപ്പെടണമെന്നും സിപിഎം കൂട്ടിച്ചേർത്തു.

