ഐസ്വാൾ: മിസോറം സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി സോറം തങ്ക പ്രധാനമന്ത്രിയുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള മിസോറാം സന്ദർശനം മോദി റദ്ദാക്കിയതെന്നാണ് വിവരം. ഈ മാസം 30 ന് മിസോറാമിൽ സന്ദർശനം നടത്തുമെന്നായിരുന്നു പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. ബിജെപി പ്രചാരണ ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. അതേസമയം, സന്ദർശനം റദ്ദാക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
മണിപ്പൂരിൽ കുക്കികൾക്കും ക്രൈസ്തവാരാധനാലയങ്ങൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംഎൻഎഫ് നേതാവും മിസോറാം മുഖ്യമന്ത്രിയുമായ സോറം തങ്ക പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
നവംബർ ഏഴിനാണ് മിസോറാമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറമിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രചാരണത്തിനെത്തും. മാമിത് ജില്ലയിലടക്കം അമിത്ഷാ പ്രചാരണം നടത്തുമെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച നിതിൻ ഗഡ്കരിയും സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.

