തിരുവനന്തപുരം: നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. പൊതുഭരണ (ഏകോപനം) വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണമെന്ന് ഉത്തരവിലുണ്ട്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണമെന്നും വിശദീകരിക്കുന്നു. യാത്രയ്ക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങൾക്ക് പകരം കെഎസ്ആർടിസിയുടെ പ്രത്യേക ബസ് ഉപയോഗിക്കും. അകമ്പടിയ്ക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും ഉണ്ടാകണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേരെയും ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെയും പങ്കെടുപ്പിക്കണമെന്നാണ് ആവശ്യം. നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളിൽ നിന്നു പരാതികൾ സ്വീകരിക്കുന്നതിനുവേണ്ട ക്രമീകരണം ഉണ്ടാകണം. പരാതികൾ വാങ്ങുന്നതിന് ശാസ്ത്രീയമായ രീതിയിൽ സംവിധാനം ഒരുക്കണം. പരാതികൾ സ്വീകരിച്ച് കൈപ്പറ്റി രസീത് നൽകുന്നതിനു പൊതു കൗണ്ടറുകളും, സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക കൗണ്ടറുകളും, കുടിവെള്ളം, ശുചിമുറി, പ്രാഥമിക വൈദ്യസഹായം എന്നിവയ്ക്കു വേണ്ട സൗകര്യങ്ങളും ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സഹായത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം. സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർമാർ ഉറപ്പുവരുത്തണം. ജില്ലാ തലത്തിൽ പരിശോധിക്കേണ്ട പരാതികൾ ജില്ലാ കലക്ടർമാർക്കും സംസ്ഥാനതലത്തിൽ പരിശോധിക്കേണ്ടവ വകുപ്പു സെക്രട്ടറിമാർക്കും ഒരാഴ്ചയ്ക്കണം കൈമാറണം. ഓരോ സദസ്സിലും വലിയ തോതിലുള്ള ബഹുജനപങ്കാളിത്തം ഉണ്ടാകണം. 5000 പേർക്കെങ്കിലും ഇരിക്കാൻ കഴിയും വിധം കസേരകൾ ഉണ്ടാകണം. വേദിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇരിപ്പിടം ഒരുക്കണം. വേദിയിൽ എസി ക്രമീകരിക്കണമെന്നും ഉത്തരവിലുണ്ട്.
നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് നടക്കുന്നത്.

