റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ലഷ്കർ കമാൻഡറുടെ ഭീഷണി

റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ലഷ്കർ കമാൻഡറുടെ ഭീഷണി. നവംബർ 13ന് ഹരിയാനയിലെ 10 റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ കമാൻഡർ കരീം അൻസാരി പറഞ്ഞത്. ജഗദാരിയിലെ വൈദ്യുതി നിലയം, റെയിൽവെ വർക്ക്ഷോപ്പ്, കോച്ച് ഫാക്ടറി, ക്ഷേത്രങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയവയിലും ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു.

ജമ്മു കശ്മീരിൽ ഭീകരരെ വധിച്ചതിന്റെ പ്രതികാരമായാണ് ആക്രമണമെന്നും കരീം അൻസാരിയുടെ കത്തിൽ പറയുന്നു. ഹരിയാനയിലെ അംബാല കാന്റ്, പാനിപത്, കർനാൽ, സോനിപത്, ചണ്ഡീഗഡ്, ബിവാനി, മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കത്ത് വഴിയാണ് ഈ മാസം 26ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന് ഭീഷണി ലഭിച്ചത്. ഇതിനെ തുടർന്ന് റെയിൽവെ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയെന്ന് നോർതേൺ റെയിൽവേ ചീഫ് അറിയിച്ചു.