പത്തനംതിട്ട: ആർഎസ്എസ് ശാഖ നിരോധിച്ചുള്ള സർക്കുലറിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. ബോർഡ് നടപടി സ്വീകരിച്ചത് കോടതി നിർദ്ദേശാനുസരണമാണെന്ന് കെ അനന്തഗോപൻ വ്യക്തമാക്കി. ക്ഷേത്ര പരിസരങ്ങൾ ശാന്തമായിരിക്കണമെന്നും അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
ആർഎസ്എസിൻറെയും തീവ്രആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും പ്രവർത്തനങ്ങളും ആയുധ പരിശീലനവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ നിരോധിച്ചിരുന്നു. നേരത്തെ ഇതുസംബന്ധിച്ച് കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാൽ ഉത്തരവ് പാലിക്കപ്പെടാതിരുന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ സർക്കുലർ പുറത്തിറക്കുകയായിരുന്നു.
നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പടെയുള്ളവർ ബോർഡിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതിനെയും നിരോധിച്ചിട്ടുണ്ട്. ദേവസ്വം കമ്മീഷണറാണ് സർക്കുലർ പുറത്തിറക്കിയത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടാകരുതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു. സർക്കുലർ അനുശാസിക്കുന്ന കാര്യങ്ങളിൽ വീഴ്ച സംഭവിച്ചാൽ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോർഡുകൾ നീക്കം ചെയ്യണമെന്നും ആർഎസ്എസ് ശാഖകൾ കണ്ടെത്താൻ വിജിലൻസ് മിന്നൽ പരിശോധന നടത്തുമെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

