തിരുവനന്തപുരം: കേരളത്തിൽ ഇസ്ലാം മതത്തിനുള്ള പ്രധാന്യവും അതിന്റെ ചരിത്രവും വിവരിക്കുന്ന ഡിജിറ്റൽ പ്രൊഡക്ഷനു വേണ്ടി സംസ്ഥാന ടൂറിസം വകുപ്പ് 94 ലക്ഷം രൂപ അനുവദിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇസ്ലാം മതത്തിന്റെ പ്രചാരണം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മതത്തിന്റെ സവിശേഷത മാത്രം പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഠിപ്പിക്കുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ല. എല്ലാ മതങ്ങളുടേയും ചരിത്രം അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. ടൂറിസം പ്രചരിപ്പിക്കാൻ ഒരു മതത്തെ മാത്രമാണോ പ്രചരിപ്പിക്കേണ്ടതെന്ന് മതേതരത്വത്തിന്റെ അപ്പോസ്തലനായി നടിക്കുന്ന സീതാറാം യെച്ചൂരി വ്യക്തമാക്കണം. ഹിന്ദുക്കളും ക്രൈസ്തവരും കേരളം രൂപപ്പെടുത്തുന്നതിന് ഒരു സംഭാവനയും നൽകാത്തത് കൊണ്ടാണോ സർക്കാർ അവരെ അവഗണിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഇസ്ലാമിന്റെ ചരിത്രം എഴുതുമ്പോൾ ഹൈദരാലിയുടേയും ടിപ്പുവിന്റെയും പടയോട്ടത്തിൽ നടന്ന വംശഹത്യകളെയും ക്ഷേത്രധ്വംസനങ്ങളെയും കുറിച്ചുള്ള അദ്ധ്യായങ്ങൾ ഉണ്ടാകുമോ എന്നും ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നായ മാപ്പിള ലഹളയെ സൈറ്റിൽ ഉൾപ്പെടുത്തുമോ എന്നും അദ്ദേഹം ചോദിക്കുന്നു. റിയാസിനെ മുന്നിൽ നിർത്തി 30 ശതമാനം വരുന്ന മുസ്ലിം വോട്ട് പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. റിയാസിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാണിച്ച് ഭരണം നിലനിർത്തുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

