ചെന്നൈ: ഇസ്ലാമിക് തീവ്രവാദ സംഘടന ഐഎസിലേക്ക് ശ്രീലങ്കൻ പൗരന്മാരെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. രാമനാഥപുരം ജില്ലയിലെ മരക്കയപ്പെട്ടി സ്വദേശി മുഹമ്മദ് ഇമ്രാൻ ഖാനാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയാണ് ഇയാളെ പിടികൂടിയത്. തമിഴ് പുലികളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പുലർച്ചെ 2.30 ന് തേനി ഉത്തമപാളയത്തെ വീട് വളഞ്ഞായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ലാണ്. ശ്രീലങ്കയിൽ നിന്നും മതിയായ രേഖകളില്ലാതെ ചിലർ മംഗലാപുരത്ത് താമസിച്ചു വരുന്നതായി മംഗളൂരു സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 38 പേർ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ തങ്ങളെ എത്തിച്ചത് മുഹമ്മദ് ഇമ്രാൻ ഖാനാണെന്ന് മൊഴി നൽകി. ശ്രലങ്കയിൽ നിന്നും മംഗളൂരുവിലെത്തിയ ഇവരെ ബംഗളൂരു വഴി കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ുഹമ്മദ് ഇമ്രാൻ ഖാന് എൽടിടിഇയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞത്. തുടർന്ന് കേസ് എൻഐഎയ്ക്ക് കൈമാറി.
എൻഐഎ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേനി ജില്ലയിലെ ഉത്തമപാളയത്ത് ബന്ധുവീട്ടിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. ഉത്തമപാളയത്ത് നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റാൻഡിലെ ഒരു ഹോട്ടലിൽ ഇമ്രാൻ ജോലി ചെയ്തു വരുന്നുവെന്നും കണ്ടെത്തി. ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഇയാളെ അന്വേഷണ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

