തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാകുന്നു. 2600 കോടിയിലധികം രൂപയാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വിഹിതം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഉൾപ്പെടെ നൽകാൻ അടിയന്തരമായി ആവശ്യമുള്ളത്. മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം ഇതിനായി വായ്പയ്ക്കായി ശ്രമിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
ഉടൻ തന്നെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നൽകണമെന്നാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം. ക്രെയിൻ ഉൾപ്പെടെ കൊണ്ടുവരുന്നതിന്റെ ചെലവുകൾക്കായി 2000 കോടിയോളം ഉടൻ കണ്ടെത്തേണ്ടതിനാൽ സർക്കാർ വിഹിതം സമയത്ത് കിട്ടിയില്ലെങ്കിൽ നിർമ്മാണം നീണ്ടുപോകുമെന്ന് കമ്പനി വ്യക്തമാക്കി.
338.61 കോടി അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിക്കണമെന്ന് വിഴിഞ്ഞം കമ്പനി ആവശ്യപ്പെട്ടെങ്കിലും 16.25 കോടി മാത്രമാണ് നൽകാനായത്. ഗ്യാരണ്ടിയിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹഡ്കോയും നബാർഡും പിന്മാറിയിരുന്നു. ഇതാണ് വായ്പ എടുക്കാൻ സർക്കാരിന് തടസമായത്. ഈ വായ്പ എടുത്താൽ അതും പൊതുകടത്തിന്റെ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തുമോ എന്ന ആശങ്കയും സർക്കാർ മുന്നോട്ടുവെയ്ക്കുന്നുണ്ട്.
തുറമുഖ നിർമ്മാണച്ചെലവ് 4089 കോടിയാണ്. ഇതിൽ 2454 കോടി അദാനി ഗ്രൂപ്പ് ചെലവാക്കുമെന്നാണ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. ശേഷിക്കുന്ന 1,635 കോടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി നൽകണം. ഇതിന്റെ വിഹിതമായ 817.18 കോടിയും പുലിമുട്ട് നിർമ്മാണത്തിന് 1463 കോടിയും അടിസ്ഥാന സൗകര്യവികസനത്തിന് 363 കോടിയുമാണ് സംസ്ഥാനം നൽകേണ്ടത്. പുലിമുട്ട് നിർമ്മാണത്തിന്റെ വിഹിതം ഗഡുക്കളായി നൽകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒന്നുപോലും നൽകാനായിട്ടില്ല. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിൽ 817.80 കോടി കേന്ദ്രവിഹിതമാണ്. സംസ്ഥാനം അനുവദിച്ചാൽ ഇത് ഉടൻ കൈമാറാമെന്നാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട്.

