ഗോകുലിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; സുരേഷ് ഗോപി

തിരുവനന്തപുരം: അച്ഛൻ രാഷ്ട്രീയക്കാരനാകുന്നതിലും നടനായി വരുന്നതാണ് തനിക്കിഷ്ടമെന്ന് നേരത്തെ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് വ്യക്തമാക്കിയിരുന്നു. ഗോകുലിന്റെ ഈ അഭിപ്രായത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

ഗോകുലിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായമുണ്ട്. പക്ഷേ അത് ഇന്നുവരെ തന്നോട് പറഞ്ഞിട്ടില്ല. ഏട്ടൻ അദ്ധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോഗ്യം ചെലവാക്കി സമ്പാദിക്കുന്ന പണം എന്ത് ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കുന്നത്. ആരോഗ്യം സംരക്ഷിക്കുന്നതിന് എന്ത് ചെയ്യണമെന്നതാണ് തന്റെ കോൺട്രിബ്യൂഷൻ. അല്ലാതെ അതിനകത്ത് അങ്ങനെയൊരു അഭിപ്രായം പറയാൻ താൻ തയ്യാറല്ലെന്നാണ് രാധിക പറഞ്ഞിട്ടുള്ളതെന്ന് സുരേഷ് ഗോപി അറിയിച്ചു. ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അത് ഗോകുലിനോട് പറയുന്നത് താൻ കേട്ടിട്ടുണ്ട്. ഗോകുൽ അങ്ങനെ പറയുന്നത് ഒരു മകന്റെ വിഷമമായിരിക്കും. ഒരുപാട് പേർ ഇങ്ങനെ പുലഭ്യം പറയുമ്പോൾ വരുന്നതായിരിക്കാം. രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്ന് ആ ദൂരം കൃത്യമായി പാലിക്കണമെന്ന് താൻ മക്കളോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമാ നടീ നടന്മാരെക്കുറിച്ചും ഇങ്ങനെ പറയുന്നില്ലേ. മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് പറയുന്നു, എന്ത് മനസിലാക്കുന്നു എന്നതിന് പ്രസക്തിയില്ല. നമ്മൾ എന്തായിരിക്കണമെന്ന് നിശ്ചയിച്ചാൽ, അതിന് സത്യം കൂടുതലാണെങ്കിൽ, അതിനകത്ത് മാലിന്യം കലർന്നിട്ടില്ലെങ്കിൽ നമ്മൾ ആ പാതയിലങ്ങോട്ട് സഞ്ചരിക്കുക. താൻ അതാണ് ചെയ്യുന്നത്. കൃമി കീടങ്ങളെയൊന്നും താൻ വകവച്ചുകൊടുക്കാറില്ല. വകവച്ചുകൊടുക്കുകയുമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.