ഇന്ത്യ-പാക് കളിക്കിടെ ഇന്ത്യൻ ആരാധകരുടെ പെരുമാറ്റത്തിൽ പാക് ബോർഡിൻറെ പരാതി: കോഡ് അനുസരിച്ച് ആൾക്കൂട്ടത്തിന് എതിരെ നടപടിയെടുക്കാനാകില്ല.

ഇന്ത്യയ്‌ക്കെതിരെ അഹമ്മദാബാദിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെ കാണികളുടെ മോശം പെരുമാറ്റം ആരോപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ(പിസിബി) പരാതിയിൽ ഐസിസി ഒരു നടപടിയും എടുക്കാൻ സാധ്യതയില്ല. വിവേചന വിരുദ്ധ കോഡിന്റെ പരിധി വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ആൾക്കൂട്ടം ഈ കോഡിന്റെ പരിധിയിൽ വരുന്നില്ല. കളിയിൽ പാകിസ്താൻ ഇന്ത്യയോട് തോറ്റിരുന്നു.

ഇന്ത്യയിൽ വെച്ചാണ് കളി എന്നതിനാൽ പാക് ആരാധകർ കുറവായിരുന്നു സ്റ്റേഡിയത്തിൽ. എന്നാൽ കളി നടക്കുമ്പോളും ശേഷവും പലവിധത്തിൽ ആൾകൂട്ടം അപമര്യാദയായി പെരുമാറി എന്നാണ് പിസിബിയുടെ പക്ഷം. കൂടാതെ പാക് താരങ്ങളെയും കളിയാക്കി എന്ന് പരാതിയിൽ പറയുന്നു. കളി കാണാൻ ഒരു ലക്ഷത്തിലധികം ആരാധകർ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു, മൂന്ന് പാകിസ്ഥാൻ-അമേരിക്കൻ ആരാധകർ മാത്രമാണ് അയൽരാജ്യത്തിൽ നിന്നുള്ള കളിക്കാരെ പിന്തുണയ്ക്കാൻ രംഗത്തുണ്ടായിരുന്നത്.

വിക്കറ്റ് കീപ്പർ ബാട്സ്മാൻ ആയ മുഹമ്മദ് റിസ്വാൻ പുറത്തായതിനെത്തുടർന്ന് പവലിയനിലേക്ക് മടങ്ങുമ്പോൾ ഒരു വിഭാഗം ആരാധകർ മതപരമായ മന്ത്രോച്ചാരണങ്ങളാൽ പരിഹസിച്ചിരുന്നു, ഇതാണ് ഗെയിം ഗവേണിംഗ് ബോഡിക്ക് പരാതി നൽകാൻ പിസിബിയെ പ്രേരിപ്പിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വീഴ്‌ചയ്‌ക്കിടെ തന്റെ ടീമിലെ കളിക്കാർ കാണികളുടെ ആക്രോശത്തിൽ അല്പ നേരം കളിമറന്നു നിന്നുവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ മിക്കി ആർതർ നേരത്തെ സമ്മതിച്ചിരുന്നു.