ചെന്നൈ: തമിഴ്നാട്ടിലെ 35 കേന്ദ്രങ്ങളിൽ ആർഎസ്എസിന് റൂട്ട് മാർച്ച് നടത്താൻ അനുമതി. മദ്രാസ് ഹൈക്കോടതിയാണ് റൂട്ട് മാർച്ചിന് അനുമതി നൽകിയത്. പോലീസിന് കോടതി ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകുകയും ചെയ്തു.
വിജയദശമിയോട് അനുബന്ധിച്ചുള്ള ആർഎസ്എസ് പദസഞ്ചലനം നടത്താൻ അനുമതി ലഭിച്ചിരിക്കുന്നത്. ജസ്റ്റിസ് ജി. ജയചന്ദ്രനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാർ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. പോലീസും ആർഎസ്എസ് റൂട്ട് മാർച്ച് നടത്തുന്നതിനെതിരെ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
മാർച്ചിന് മൂന്നു ദിവസം മുമ്പെങ്കിലും പോലീസ് അനുമതി നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. മാർച്ച് കടന്നുപോകുന്നതിന് മുൻകൂർ നിശ്ചയിച്ച വഴികളിൽ യാതൊരു മാറ്റവും പാടില്ല. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.

