അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മോദി സർക്കാർ പുറത്താകും; എം കെ സ്റ്റാലിൻ

ചെന്നൈ: ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മോദി സർക്കാർ കേന്ദ്രത്തിൽ നിന്ന് പുറത്താകുമെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു സ്റ്റാലിന്റെ പരാമർശം.

വനിതാ സംവരണ ബിൽ എൻഡിഎ സർക്കാർ ഗൂഢമായ ഉദ്ദേശത്തോടെയാണ് പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി നിർണയിക്കുന്നതിൽ പരിമിതികൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഡിഎ സർക്കാർ സ്ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. എല്ലാ മതങ്ങൾക്കും തുല്യ അവകാശം ലഭ്യമാക്കേണ്ടതും എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റേണ്ടതാണെന്നും സ്റ്റാലിൻ അറിയിച്ചു.