വേതന വർദ്ധന; എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: നവംബർ അഞ്ചു മുതൽ എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് നടത്തും. തൊഴിലാളി സംഘടനകളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 11 മാസമായി വേതന വർദ്ധനവുമായി ബന്ധപ്പെട്ട അപേക്ഷ നൽകി ട്രക്ക് ഡ്രൈവർമാർ കാത്തിരിക്കുകയാണ. ഇക്കാര്യത്തിൽ അനുകൂല നടപടികൾ ഉടമകളുടെ ഭാഗത്തുനിന്ന് ലഭിക്കാതായതോടെയാണ് ട്രക്ക് ഡ്രൈവർമാർ സമരം നടത്താനൊരുങ്ങുന്നത്.

ലേബർ ഓഫീസർമാരും ട്രക്ക് ഉടമകളും ഡ്രൈവർമാരും സംയുക്തമായി നടത്തിയ ചർച്ചകളും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. അതേസമയം, നവംബർ അഞ്ചിന് മുൻപായി മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്. ട്രക്ക് ഡ്രൈവർമാർ സമരത്തിലേയ്ക്ക് നീങ്ങിയാൽ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലാകും.

നിലവിൽ ഓരോ ട്രിപ്പ് അനുസരിച്ചുള്ള വേതനമാണ് ഡ്രൈവർമാർക്ക് ലഭിക്കുന്നത്. ഇത് ഒഴിവാക്കി ഫെയർവേജ് സംവിധാനം നടപ്പിലാക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെയ്ക്കുന്നത്.