ഇടമലക്കുടിയിലും ഇനി 4 ജി

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 4ജി കണക്ടിവിറ്റി ലഭ്യമാക്കാന്‍ നടപടി. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച് ബിഎസ്എന്‍എല്‍ ആണ് സേവനം നല്‍കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിസണ്‍ കണക്ട് ഫോര്‍ 4ജി പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് 4ജി സൗകര്യം ഇടമലക്കുടിയില്‍ എത്തിക്കുന്നത്. മൂന്നാറില്‍ നിന്ന് രാജമല വരെ ഏഴു കിലോമീറ്റര്‍, രാജമല മുതല്‍ പെട്ടിമുടി വരെ 18 കിലോമീറ്റര്‍, പെട്ടിമുടി മുതല്‍ ഇടമലക്കുടി വരെ 15 കിലോമീറ്റര്‍. ഇങ്ങനെ മൂന്ന് ഘട്ടങ്ങളായി 10 മാസങ്ങള്‍ കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. 24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ആകെ ജനസംഖ്യ 2255.

ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മ്മാണം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് റോഡ് നിര്‍മ്മിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക.

ഇടമലക്കുടി പിഎച്ച്‌സി കുടുംബാരോഗ്യകേന്ദ്രമായി നേരത്തെ ഉയര്‍ത്തിയിരുന്നു. മൂന്ന് സ്ഥിരം ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, ഫര്‍മസിസ്‌റ് തുടങ്ങി 10 തസ്തികകള്‍ സൃഷ്ടിച്ചു. ലാബ് തുടങ്ങാന്‍ ആവശ്യമായ സഞ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. 18 ലക്ഷം രൂപക്ക് അനെര്‍ട് വഴി സോളാര്‍ പാനലുകള്‍ ആശുപത്രീയില്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.