ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ലോകത്തിനാകെ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്നും ഭീകരവാദം ഏതുരൂപത്തിലുള്ളതായാലും ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടി (പി20) ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഭീകരവാദത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ കഴിയാത്തത് ഖേദകരമാണ്. ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ്. 20 വർഷം മുൻപ്, സമ്മേളനം നടക്കുന്ന സമയത്ത് പാർലമെന്റിനെ ഭീകരർ ലക്ഷ്യം വച്ചിരുന്നു. ഭീകരവാദം ലോകത്തിനു വെല്ലുവിളിയാണെന്നും അതു മനുഷ്യരാശിക്കെതിരാണന്നും ലോകവും തിരിച്ചറിയുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കാമെന്നു ലോകത്തിലെ പാർലമെന്റുകളും അതിന്റെ പ്രതിനിധികളും ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ഒരു ലോകം ആർക്കും പ്രയോജനം ചെയ്യില്ല. വിഭജിക്കപ്പെട്ട ലോകത്തിനു നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾക്കു പരിഹാരം നൽകാൻ കഴിയില്ല. ഇതു സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള സമയമാണ്. ഒരുമിച്ചു നീങ്ങേണ്ട സമയമാണ്. ഒരുമിച്ചു മുന്നേറേണ്ട സമയമാണ്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനുമുള്ള സമയമാണെന്നും അദ്ദേഹം വിശദീകരിച്ചു.

