ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ മുന്നേറ്റം

സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വും വിദേശ ബിസിനസിലും വിദ്യാഭ്യാസത്തിലുമുണ്ടാകുന്ന വർധനയുടെ കരുത്തും ഇന്ത്യന്‍ വ്യോമയാന രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കുന്നു. ആഗോള വ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ പുതിയ കണക്കുകളനുസരിച്ച് നടപ്പു വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യാന്തര വിമാന സര്‍വീസുകളുടെ വർധനയില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടിയ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വന്‍ പ്രതിസന്ധിയിലൂടെ നീങ്ങുന്ന രാജ്യത്തെ മുന്‍നിര വിമാന കമ്പനികളായ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവയ്ക്ക് ഇന്ധന വിലയിലെ കുറവ് ഏറെ ആശ്വാസം പകരും. പൊതുമേഖലാ വിമാന കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് ആഗോള വ്യോമയാന വിപണിയിലെ മുന്‍നിര സ്ഥാനം നേടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടുണ്ട്. എയര്‍ ഇന്ത്യയും മറ്റൊരു പ്രമുഖ എയര്‍ലൈനായ വിസ്താരയും ലയിപ്പിക്കാനുള്ള തീരുമാനം വരുംദിവസങ്ങളില്‍ ഇന്ത്യന്‍ വിമാന യാത്രികര്‍ക്ക് വന്‍ നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് കാലത്തിനു മുമ്പുള്ള നിലയിലേക്ക് രാജ്യത്തെ വിമാന സര്‍വീസുകള്‍ മടങ്ങിയെത്തിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയും സിംഗപ്പൂരും ജപ്പാനുമെല്ലാം ഈ രംഗത്ത് നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ആകാശ യാത്രകളില്‍ നാലു ശതമാനത്തിലധികം വർധനയുണ്ടായി. യുഎഇ, സൗദി അറേബ്യ, ബ്രിട്ടന്‍, ഖത്തര്‍ തുടങ്ങിയവയാണ് രാജ്യാന്തര സര്‍വീസുകളില്‍ മികച്ച മുന്നേറ്റം നേടിയ മറ്റ് പ്രധാന രാജ്യങ്ങള്‍.