ഐഎഎസ് തലത്തിൽ അഴിച്ചുപ്പണി; ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപ്പണി. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ കളക്ടർമാരെ സ്ഥലംമാറ്റി. തുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. അദീല അബ്ദുല്ലയെ നീക്കിയാണ് ദിവ്യ എസ് അയ്യർക്ക് ചുമതല നൽകിയിരിക്കുന്നത്.

സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടറുടെ ചുമതലയും ദിവ്യ എസ് അയ്യർക്കാണ് നൽകിയിട്ടുള്ളത്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിതാ വി കുമാറിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമനം നൽകി. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവലിനെ ആലപ്പുഴ കളക്ടറായി നിയമിച്ചു.

പത്തനംതിട്ട കളക്ടറായി സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ ഷിബുവിനാണ് നിയമനം നൽകിയത്. മലപ്പുറം കളക്ടറായിരുന്ന വി ആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കൊല്ലം ജില്ലാ കളക്ടറായിരുന്ന അഫ്‌സാന പർവീണിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതലയും നൽകി. അഫ്‌സാന പർവീണിന് തിരുവനന്തപുരം സ്മാർട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയുമുണ്ട്.

കൊല്ലം ജില്ലാ കളക്ടറായി ദേവിദാസിനെ നിയമിച്ചു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്നു ദേവിദാസ്. കണ്ണൂർ കളക്ടറായി പ്രവേശന പരീക്ഷാ കമ്മീഷണറായിരുന്ന അരുൺ കെ വിജയനെയും കോഴിക്കോട് കളക്ടറായി ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിട്ടുളള സ്നേഹിൽ കുമാർ സിംഗിനെയും നിയമിച്ചു.