സമസ്തയിലെ ചില നേതാക്കളുടെ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിൽ രൂപപ്പെട്ട അസ്വസ്ഥത ഇരു സംഘടനകളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുകയാണ്. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ മുന്നോട്ട് നടത്തിയ പരാമർശവും അതിനോടുള്ള സമസ്തയുടെ പ്രതികരണവും മുൻകാല അനുഭവങ്ങളിൽ ഇല്ലാത്തതാണ്. സലാമിന്റെ പ്രസ്താവന അതിര് കടന്നതാണെന്ന് സമസ്ത വിലയിരുത്തുന്നു.
തങ്ങളും പോഷക സംഘടന നേതാക്കളും പ്രതിഷേധം അറിയിച്ചിട്ടും തിരുത്തൽ നടപടികൾക്ക് ലീഗ് തയ്യാറായിട്ടില്ല. സലാമിനെ പാണക്കാട് ശിഹാബ് തങ്ങൾ തിരുത്തുമെന്നും അല്ലെങ്കിൽ സലാം തന്നെ തെറ്റ് ഏറ്റുപറയും.സമസ്ത നേതാക്കൾ വിചാരിച്ചിട്ട് ഒന്നും നടന്നില്ലെന്ന് മാത്രമല്ല, തലയുള്ളപ്പോള്‍ വാല് ആടേണ്ടെന്ന സാദിഖലി തങ്ങളുടെ പ്രതികരണം വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനം കൂടിയായി. സലാമിനെതിരെ സമസ്തയില്‍ ഉയര്‍ന്ന പ്രതിഷേധം ഇപ്പോള്‍ സാദിഖലി തങ്ങള്‍ക്കെതിരെ കൂടി തിരിയുകയാണ്. സമസ്ത കേന്ദ്രങ്ങളില്‍നിന്നു സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക വിമർശനം ഉയരുന്നു.

