രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണം; എൻഎസ്എസ്

ചങ്ങനാശ്ശേരി: ജാതിസംവരണത്തിനെതിരെ രംഗത്തെത്തി എൻഎസ്എസ്. ജാതിസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. വോട്ടുബാങ്ക് രാഷ്ട്രീയമെന്ന ലക്ഷ്യം മുൻനിർത്തി വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങി വിവിധ രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണവും ജാതിസെൻസസുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യം ഒരു മതേതര ജനാധിപത്യരാജ്യമാണ്. മതേതരത്വം എന്നത് ഏതെങ്കിലും ഒരു മതത്തേയോ ജാതിയേയോ വർഗ്ഗത്തേയോ വിഭാഗത്തേയോ വളർത്തുവാനോ തളർത്തുവാനോ ഉള്ളതല്ല. ഭരണഘടന അനുശാസിക്കുന്ന തുല്യത ജാതിമതവ്യത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാക്കാനാണ്. ഭരണഘടനാശിൽപ്പികളുടെ ലക്ഷ്യവും അതായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുന്നിൽ അടിയറപറയുകയും ചെയ്യുന്ന തരത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെൻസസും എല്ലാം. ജാതിസംവരണത്തിനു വേണ്ടി നടത്തിയിട്ടുള്ള ഭരണഘടനാഭേദഗതികൾ ഇതു വ്യക്തമാക്കുന്നതാണെന്നും എൻഎസ്എസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ വെല്ലുവിളി ഉയർത്തുന്ന ആരോഗ്യപരമല്ലാത്ത ഒന്നാണ് ജാതിസംവരണം. സ്വാതന്ത്ര്യം ലഭിച്ച് 10 വർഷത്തേയ്ക്ക് തുടങ്ങിവച്ച സംവരണം, വർഷം 76 പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാൻ കഴിയാതെ പോയതിൽനിന്നുതന്നെ പ്രായോഗികതലത്തിൽ അതിന്റെ അശാസ്ത്രീയ വെളിപ്പെടുത്തുന്നതാണ്. ജാതിസംവരണം ഇന്ത്യൻ ഭരണഘടനയുടെ അനുംഛേദം 15(1)-ന്റെ ലംഘനമാണെന്ന് സുപ്രീംകോടതിതന്നെ വിധിച്ചിട്ടുണ്ട്. ഇത്തരം കോടതിവിധികളെ മറികടക്കുന്ന സമീപനമാണ് കാലാകാലങ്ങളിൽ രാജ്യത്തെ ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നും എൻഎസ്എസ് അറിയിച്ചു.

ഭരണഘടന നിലവിൽ വന്നപ്പോൾ ഇല്ലാതിരുന്നതും തുടർന്ന് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയതുമായ സംവരണത്തിൽ ഒരു സ്ഥലത്തും പിന്നാക്കാവസ്ഥ എന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്ന് പറഞ്ഞിട്ടില്ല. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള പട്ടികജാതിയും പട്ടികവർഗ്ഗവും പോലും ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിലല്ല. എന്നിട്ടും എന്തുകൊണ്ടാണ് ജാതി അടിസ്ഥാനപ്പെടുത്തി സംവരണം നൽകുന്നതിനുള്ള വാദം ശക്തിപ്രാപിക്കുന്നതും അതിനെ രാഷ്ട്രീയകക്ഷികൾ പരിപോഷിപ്പിക്കുന്നതും അതിനു പിന്നിലുള്ള വോട്ടുരാഷ്ട്രീയമാണെന്നത് വ്യക്തമാണ്.

ജാതിസംവരണം വംശീയമായ വിവേചനം വർദ്ധിപ്പിക്കുന്നതിനും വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും തുടർന്ന് വർഗ്ഗീയതയ്ക്കും വഴിതെളിക്കുന്നു. ജാതിസംവരണത്തിന്റെ പേരിൽ നൽകുന്ന ഇളവുകൾ വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും യോഗ്യതയിൽ വെളളം ചേർക്കുന്നു. സാമൂഹ്യമായ മുന്നേറ്റത്തെ പ്രതിരോധിക്കുകയും സാമുദായികമായ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സങ്കുചിതമായ രാഷ്ട്രീയചിന്തകളാണ്. സാമൂഹ്യനീതിക്കു വേണ്ടത് സങ്കുചിത ചിന്തകൾക്കപ്പുറം യോഗ്യതയുടെ അടിസ്ഥാനത്തിലുള വിശാലമായ നടപടികളാണ്. പിന്നാക്കജാതിയിലെ മുന്നാക്കക്കാർ സംവരണത്തിന്റെ പൂർണ്ണമായ ആനുകൂല്യങ്ങൾ അനുഭവിക്കുകയും പിന്നാക്കാവസ്ഥയിലുള്ളവർ കൂടുതൽ പിന്നോക്കാവസ്ഥയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഏറ്റവും ഗുരുതരം. പിന്നാക്കക്കാരിലെ മുന്നാക്കക്കാർ, സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലുളളവർ, ജാതിസംവരണത്തിന്റെ പേരിൽ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുമ്പോൾ മുന്നാക്കക്കാരിലെ പരമദരിദ്രനും ദരിദ്രനും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരും യാതൊരുവിധ ആനുകൂല്യവും ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.

സംവരണമുളള ജാതിക്കാരും സംവരണാനുകൂല്യമില്ലാത്തവരും പരസ്പര വൈരികളായി മാറുന്ന സവർണ്ണ-അവർണ്ണ സംസ്‌കാരം വളർന്നുവരുന്നതിന് ആധാരം ജാതിസംവരണമാണ്. ഇത് രാജ്യത്തിന് ഗുണകരമല്ല. ജാതി,മത വ്യത്യാസമില്ലാതെ വിദ്യാഭ്യാസപരമായും സാമൂഹ്യമായും തൊഴിൽപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കുവാൻ ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ട്. അതിനുവേണ്ടി വോട്ടുരാഷ്ട്രീയം മാത്രം കണക്കിലെടുത്ത് വിഭജിച്ചു നിർത്തി പരസ്പരം കലഹിപ്പിച്ച് ജാതിയുടെ പേരിൽ രാജ്യത്ത് വർഗ്ഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നിൽക്കുകയും ചെയ്യുന്ന ജാതിസംവരണം അവസാനിപ്പിക്കുകയും ജാതിമതവ്യത്യാസമില്ലാതെ എല്ലാവരേയും സമന്മാരായി കാണുന്ന സമത്വസുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തുവാൻ തയ്യാറാവുകയുമാണ് വേണ്ടതെന്നും എൻഎസ്എസ് കൂട്ടിച്ചേർത്തു.