തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ പ്രശംസിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആരോഗ്യമന്ത്രിയുടെ പ്രവർത്തനം മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമന കോഴ ആരോപണം കേട്ടപ്പോൾ തന്നെ അത് തള്ളിയതാണ്. കൈക്കൂലി കഥ ആസൂത്രിതമാണ്. അതും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ മുൻ നിർത്തി. ഹരിദാസ് മന്ത്രിയുടെ ഓഫീസിൽ പോലും പോയിട്ടില്ലെന്നും തെളിവുകൾ എല്ലാം മുന്നിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രത്യക്ഷത്തിൽ തന്നെ ഇത് ആസൂത്രിത നീക്കമെന്ന് തെളിഞ്ഞതാണ്. ആസൂത്രിത നീക്കത്തിന് പിന്നിൽ പ്രവർത്തത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അധികം കാലതാമസമില്ലാതെയും വേഗത്തിലും കേരള പൊലീസിന് കുറ്റവാളികളെ കണ്ടെത്താൻ സാധിച്ചു. കോഴിക്കോട് ഒരു സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് പറയുന്നു. വസ്തുതകൾ എല്ലാം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
വീണാ ജോർജ് കേരളത്തിൽ രാപ്പകലില്ലാതെ ആരോഗ്യമേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മന്ത്രിയാണ്. അവരുടെ പ്രവർത്തനങ്ങൾ കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും വീക്ഷിക്കുന്നു. അവർ വലിയ ആദരവും ബഹുമാനവും നൽകുന്നുവെന്ന് ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.
വീണാ ജോർജ് നിപ്പയെ പ്രതിരോധിക്കാൻ കേരളത്തിന് വേണ്ടി പ്രവർത്തിച്ചത് പ്രശംസനീയമാണ്. എല്ലാം കൊണ്ടും ഒരു മെച്ചപ്പെട്ട ഭരണ നിർവഹണം നടത്തുന്ന മന്ത്രിയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയെ തേജോവധം ചെയ്യുക വഴി പിണറായി വിജയൻ സർക്കാരിനെ ലക്ഷ്യംവെച്ചുള്ള ആസൂത്രിതമായ പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

