ഇസ്രായേലിനു കൂടുതൽ സൈനിക സഹായ വാഗ്ദാനങ്ങളുമായി അമേരിക്ക

പലസ്തീൻ അനുകൂല സായുധ സംഘമായ ഹമാസിനെതിരായുള്ള യുദ്ധത്തിൽ ഇസ്രായേലിനു കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അമേരിക്ക. സൈനിക സഹായത്തോടൊപ്പം ആയുധ കൈമാറ്റം വർധിപ്പിക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്, ഇതിനായി കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.

ആണവശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യു എസ് എസ് ജെറാൾഡ് ഫോർഡ്. ഈ കപ്പലിനെ ഇസ്രായേൽ ലക്ഷ്യമാക്കി നീങ്ങാൻ ഓസ്റ്റിൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനു പുറമെ ഒരു മിസൈൽ വാഹിനിയും നാലു മിസൈൽ നശീകരണിയും ,യു എസ് യുദ്ധവിമാനങ്ങളായ എഫ് 35, എഫ് 15 ,എഫ് 16,എ 10 എന്നിവയും ഇസ്രായേലിനു കൈമാറും.

ഇപ്പോഴുള്ള സാഹചര്യത്തിൽ ലെബനോനിലെ ഹിസ്ബുള്ള പോലുള്ള സായുധപ്രസ്ഥാനങ്ങൾ ഇസ്രയേലിനെതിരെ തിരിയാനുള്ള സാധ്യത കണക്കാക്കിയാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന.

റിപ്പോർട്ടുകൾ അനുസരിച്ച് നാല് അമേരിക്കൻ പൗരന്മാരാണ് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.മരണ സംഖ്യ ഇനിയും ഉയരാനുള്ള സാഹചര്യമുണെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ആശയവിനിമയം നടത്തിയതായും ഇസ്രായേലിനു ബൈഡൻ പൂർണ പിന്തുണ പ്രഖ്യാപിച്ചതായും ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടു ചെയ്തു.

ഇപ്പോൾ ഹമാസിന് യുദ്ധത്തിലൂടെ തന്നെ ഒരു തിരിച്ചടി നൽകാനൊരുങ്ങുകയാണ് ഇസ്രായേൽ.അതിനായി ഇസ്രായേൽ സുരക്ഷാകാര്യ മന്ത്രിസഭായോഗം ചേർന്ന് 1973 നു ശേഷം ആദ്യമായി ഇസ്രായേൽ ഒരു ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇസ്രയേലിനെതിരായുള്ള യുദ്ധത്തിൽ തങ്ങളെ ഇറാൻ പിന്തുണയ്ക്കുന്നുണ്ടെന്ന് ഹമാസും ,ഹമാസിന് ആവശ്യമായ യുദ്ധ സാമഗ്രഹികൾ ഇറാൻ നൽകുന്നുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നൗർ ഗിലോണും അരോപിച്ചിരുന്നു. ഈ ക്രൂരതയ്‌ക്ക് പിന്നിലെ ഭീകരർ വലിയ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അതിന്റെ വ്യവസ്ഥകൾക്കനുസൃതമായി എത്രയും വേഗം ഭീകരർക്ക് മറുപടി നൽകുമെന്നും നൗർ ഗിലോൺ വ്യക്തമാക്കി. ഇറാൻ ഈ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമാണ്. അവർ ഭീകരർക്ക് ആവശ്യമായ ആയുധപരിശീലനം നൽകുന്നതിനെക്കുറിച്ചും ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഇസ്രായേലിന്റെ വടക്കൻ അതിർത്തിയാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രമണത്തിൽ ഇറാൻഭീകരസംഘടനയെ സഹായിക്കാനുള്ള സാധ്യത ഇസ്രായേൽ തള്ളിക്കളയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഈ അവകാശവാദം തള്ളിക്കളയുകാണ് ഇറാൻ ഇപ്പോൾ. ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്‌ത യുദ്ധമാണ്. ഇതിൽ തങ്ങളുമായി യാതൊരു ബന്ധവുമില്ല. പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രയേലാണ്, ആക്രമണത്തിൽ പങ്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൽ 413 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇരുപക്ഷത്തുമായി1000ത്തോളം പേർ കൊല്ലപ്പെട്ടതയാണ് കണക്കുകൾ. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തുന്നതോടെ കരയുദ്ധത്തിനുള്ള പൂർണമായ തയ്യാറെടുപ്പിലാണ് ഇസ്രായേൽ.