തിരുവനന്തപുരം: നിയമനക്കോഴ കേസിൽ മൊഴി മാറ്റി പരാതിക്കാരൻ ഹരിദാസൻ. തനിക്ക് ഒന്നും ഓർമയില്ലെന്ന് ഹരിദാസൻ വ്യക്തമാക്കി. കന്റോൺമെന്റ് പൊലീസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പണം എവിടെ വച്ച് നൽകിയെന്നോ വാങ്ങിയ ആളെയോ കൃത്യമായി ഓർമയില്ലെന്ന് ഹരിദാസൻ വ്യക്തമാക്കി.
ഹരിദാസൻ ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇയാൾ ആദ്യം നൽകിയ മൊഴിയിൽ പണം നൽകിയെന്ന് പറഞ്ഞ സെക്രട്ടേറിയറ്റ് അനക്‌സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാദ്ധ്യതയുണ്ടെന്നാണ് വിവരം.
തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകിയെന്നയാരുന്നു ഹരിദാസ് നേരത്തെ ഉന്നയിച്ച ആരോപണം. ഇതിൽ ഒട്ടേറെ പൊരുത്തക്കേടുകൾ നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണത്തോട് സഹകരിക്കാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചത്. ഹരിദാസന്റെ സുഹൃത്ത് ബാസിദിനും തട്ടിപ്പിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

