തിരുവനന്തപുരം: വന്ദേഭാരതിന് തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ ശരിയായി ഓടിയെത്താൻ വേണ്ടി വളവുകൾ ഒഴിവാക്കാൻ കരാർ കൊടുത്ത് റെയിൽവേ. 336 വളവുകളാണ് ഒഴിവാക്കേണ്ടത്. ഇതിൽ ഭൂരിഭാഗം വളവുകളും എട്ടുമാസത്തിനുള്ളിൽ നിവർത്തുമെന്നാണ് വിവരം. 381 കോടിയാണ് ഇതിന്റെ ചെലവ്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
ഈ പണി പൂർത്തിയായാൽ തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ 110 കിലോമീറ്റർ വേഗത്തിലും എറണാകുളത്തു നിന്ന് ഷൊർണ്ണൂർ വരെ 90 കിലോമീറ്ററിലും ഷൊർണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് 130 കിലോമീറ്റർ സ്പീഡിലും വന്ദേഭാരതിന് സഞ്ചരിക്കാൻ കഴിയും. ഇതനുസരിച്ച് ടൈംടേബിളും പരിഷ്കരിക്കും.
നിലവിൽ തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് മണിക്കൂറിൽ 70 കിലോമീറ്ററും ആലപ്പുഴ വഴി 80 കിലോമീറ്ററും വേഗതയിലും എറണാകുളത്തു നിന്ന് ഷൊർണ്ണൂരിലേക്ക് 70 കിലോമീറ്ററും ഷൊർണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് 110 കിലോമീറ്ററുമാണ് വന്ദേഭാരതിന്റെ വേഗത. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാൻ കഴിയുന്ന ട്രെയിനാണ് വന്ദേഭാരത്. മെഷീനുകൾ ഉപയോഗിച്ച് വളവ് നിവർത്താനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

