2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; പ്രബീർ പുർകായസ്ഥക്കെതിരെ എഫ്ഐആർ

ന്യൂഡൽഹി: ഓൺലൈൻ പോർട്ടൽ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകൻ പ്രബീർ പുർകായസ്ഥക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി പോലീസ്. പ്രബീർ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറിൽ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ന്യൂസ് ക്ലിക്കിന്റെ ഓഹരി ഉടമയായ ഗൗതം നവ്‌ലാഖയ്ക്ക് പാകിസ്ഥാൻ ചാര സംഘടനയുടെ ഏജന്റ് ഗുലാം നബി ഫായിയുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്കുലറിസം എന്ന സംഘടനയുമായി ചേർന്ന് അട്ടിമറിക്കാനും ജമ്മുകാശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്താനും ന്യൂസ് ക്ലിക്ക് ശ്രമിച്ചെന്നാണ് പ്രബീർ പുർകായസ്ഥ ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ പ്രവർത്തനമാണിതെന്നാണ് എഫ്‌ഐആറിലെ നിരീക്ഷണം.

ന്യൂസ് ക്ലിക്കിന് 2018 മുതൽ കോടിക്കണക്കിന് രൂപ വിദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. നെവിൽ റോയ് സിംഗം എന്ന അമേരിക്കൻ ശതകോടീശ്വരനാണ് പണം നൽകിയത്. ഇയാൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണ വിഭാഗത്തിലെ അംഗമാണെന്ന് എഫ്‌ഐആറിലുണ്ട്. കുറ്റക്കാർ രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് പ്രവർത്തിച്ചെന്നും ഡൽഹി പോലീസ് കൂട്ടിച്ചേർത്തു.